തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിൽ വാക്പോര്. അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെയാണ് തർക്കമുണ്ടായത്. രമേശ് ചെന്നിത്തല പ്രസംഗത്തിനിടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. നാടകീയ രംഗങ്ങളാണ് നിയമസഭയിൽ അരങ്ങേറിയത്.
പ്രസംഗത്തിന് പിന്നാലെ ക്ഷുഭിതനായ മുഖ്യമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവും ഉന്നയിച്ചു. ഇടയ്‌ക്കിടയ്‌ക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് വിളിച്ചാൽ പോരായെന്നും നാടിന്റെ കാര്യങ്ങൾ അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളിക്ക് എന്താണ് പ്രശ്നമെന്ന് ചെന്നിത്തല ചോദിച്ചു. തന്നെ പഠിപ്പിക്കാൻ നോക്കണ്ടെന്നും അനാവശ്യ കാര്യങ്ങൾ പറയരുതെന്നുമായിരുന്നു പിണറായിയുടെ മറുപടി.
രമേശ് ചെന്നിത്തലയാണ് നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്ത് വർദ്ധിക്കുന്ന അതിക്രമങ്ങളെയും ലഹരി ഉപയോഗത്തെയും കുറിച്ചാണ് ചർച്ച നടന്നത്. സഭ നിർത്തിവച്ചായിരുന്നു ചർച്ച. ലഹരി മാത്രമല്ല, ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.















