ചാമ്പ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ ഉടച്ചുവാർക്കൽ. ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖരെ പുറത്താക്കി. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 16-നാണ് ആരംഭിക്കുന്നത്. സൽമാൻ അലി ആഗയാണ് പുതിയ ക്യാപ്റ്റൻ. ഷദാബ് ഖാനാണ് ഉപനായകൻ.
മുൻ നായകൻ ബാബർ അസമിനെയും ഏകദിന ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനെയും പുറത്താക്കി. സെപ്റ്റംബറിൽ നടക്കുന്ന ടി20 ഏഷ്യാകപ്പും അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ടി20 ലോകകപ്പും മുന്നിൽ കണ്ടാണ് പുതിയ നീക്കം.സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിൽ പാകിസ്താനെ നയിച്ചത് സൽമാൻ ആഗയായിരുന്നു. 2-1 പരമ്പര സ്വന്തമാക്കിയിരുന്നു. അതേസമയം ഷഹീൻ ഷാ അഫ്രീദിയെ ടി20 സസ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്ക്വാഡിൽ മൂന്ന് അൺക്യാപ്ഡ് താരങ്ങളെ ഉൾപ്പെടുത്തി. അബ്ദുൾ സമദ്, ഹസൻ നവാസ്, മൊഹമ്മദ് അലി എന്നിവരെയാണ് ഉൾപ്പെടുത്തിയത്. അതേസമയം റിസ്വാനെ അടുത്ത ഏകദിന ലോകകപ്പുവരെ നായകനായി നിലനിർത്തുമെന്നാണ് വിവരം. പാകിസ്താൻ ചാമ്പ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്തായിരുന്നു. സ്വന്തം നാട്ടിൽ നടന്ന ടൂർണമെൻ്റിൽ ഒരു മത്സരം പോലും ജയിക്കാതെ നാണംകെട്ടായിരുന്നു പുറത്താകൽ.















