ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് രാഷ്‌ട്രീയ പാർട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇഡി. തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്ഡിപിഐക്ക് അനുവാദം നൽകിയതും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ മാനദണ്ഡം തീരുമാനിച്ചതും പോപ്പുലർ ഫ്രണ്ടാണെന്ന് ഇഡി പറയുന്നു. കേസിൽ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരുടെ കോടതി ചെലവുകൾ നടത്തിയതും ഈ നിരോധിത ഭീകരസംഘടനയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പിഎഫ്ഐ കള്ളപ്പണം വെളിപ്പിക്കൽ കേസിൽ എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഫൈസിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്ഡിപിഐക്കെതിരായ ഗുരുതര കണ്ടെത്തലുകളുള്ളത്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനവും എന്നാൽ പുറമെ ഒരു സാമൂഹ്യ പ്രസ്ഥാനവുമാണ് എസ്ഡിപിഐ എന്ന് റിപ്പോർട്ടിൽ പറയുന്നു.
എസ്ഡിപിഐയുടെ ഫണ്ടിങ് അടക്കമുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പോപ്പുലർ ഫ്രണ്ടാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഏകദേശം 3.785 കോടി രൂപ പിഎഫ്ഐ എസ്ഡിപിഐക്ക് നേരിട്ട് നൽകിയെന്നും അന്വേഷണ സംഘം കണ്ടെത്തി. പിഎഫ്ഐ ഹവാല ഇടപാടുകളിലൂടെയും റമ്ദാൻ കളക്ഷന്റെ പേരിലടക്കവും പണം സ്വരൂപിക്കുകയും ഇത് രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഒരു പങ്കാണ് എസ്ഡിപിഐക്കും നൽകിയതെന്ന് ഇഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ എംകെ ഫൈസിയുടെ അറിവോടെയാണ് എസ്ഡിപിഐയിലേക്ക് ഫണ്ടുകൾ എത്തിയിരുന്നത്. ഇവയുടെ ഉറവിടം സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്.















