തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തിൽ അകപെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം നൽകി റെയിൽവേ. 13 ലക്ഷം രൂപയാണ് ധനസഹായമായി ജോയിയുടെ അമ്മ മെൽഗിക്ക് കൈമാറിയത്. ജില്ലാ ജഡ‍്ജി സ്മിതാ ജാക്സൺ മാരായമുട്ടം വടകരയിലെ ജോയിയുടെ വീട്ടിലെത്തി കുടുംബത്തിന് നൽകി.
ജോയിയുടെ കുടുംബം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിൽ നൽകിയ പരാതിയിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് റെയിൽവേ നഷ്ടപരിഹാരം കൈമാറിയത്. 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ് ഫയൽ ചെയ്തിരുന്നത്. വിചാരണ പൂർത്തിയായതിന് ശേഷം മാത്രമേ നഷ്ടപരിഹാര തുക പൂർണമായും കൈമാറാൻ സാധിക്കുകയുള്ളൂ.
2024 ജൂലൈ 13-നാണ് ആമയിഴഞ്ചാൻ തോട്ടിലെ തമ്പാനൂർ റെയിൽവേ പാളത്തിന് സമീപത്തെ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽപെട്ടത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സമീപത്തെ തോട്ടിൽ നിന്ന് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.