ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കടന്നപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ കളിക്കളത്തിലെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വീണ്ടും ചർച്ചയാകുന്നത്. എന്നാൽ ഇത് സംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ പ്രകടനം കണക്കിലെടുത്ത് രോഹിത്തിന് ഇനി എത്രകാലം ദേശീയ ടീമിനായി കളിക്കാനാകുമെന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. മാദ്ധ്യമങ്ങൾ കണക്കുകൾ നോക്കുന്നുവെന്നും എന്നാൽ തങ്ങൾ കളിയുടെ ഗതി നിർണയിക്കുന്ന രോഹിത്തിന്റെ സ്വാധീന ശക്തിയെയാണ് വിലയിരുത്തുന്നതെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.
“പത്രപ്രവർത്തകർ എന്ന നിലയിൽ, നിങ്ങൾ നമ്പറുകൾ, ശരാശരികൾ എന്നിവ മാത്രമേ നോക്കൂ. എന്നാൽ ഒരു പരിശീലകൻ എന്ന നിലയിൽ, ഒരു ടീം എന്ന നിലയിൽ, ഞങ്ങൾ നമ്പറുകളോ ശരാശരികളോ നോക്കുന്നില്ല. ക്യാപ്റ്റൻ ആദ്യം മുന്നിട്ടിറങ്ങുമ്പോൾ, ഡ്രസ്സിംഗ് റൂമിന് അതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല,” ഗംഭീർ മത്സരശേഷം നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ വിജയത്തോടെ രോഹിത് മറ്റൊരു വലിയ റെക്കോർഡും തന്റെ പേരിലാക്കി. ക്രിക്കറ്റ് ചരിത്രത്തിൽ എല്ലാ ഐസിസി ടൂർണമെന്റുകളുടെയും ഫൈനലിലെത്തുന്ന ടീമിന്റെ ആദ്യ ക്യാപ്റ്റനെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. 2022 ഫെബ്രുവരിയിൽ രോഹിത്ത് മുഴുവൻ സമയ നായക സ്ഥാനം ഏറ്റെടുത്തതിനുശേഷം, ഇന്ത്യ നിരവധി റെക്കോർഡുകൾ തകർത്തു. മൂന്ന് വർഷത്തിനുള്ളിൽ, എല്ലാ ഐസിസി ടൂർണമെന്റുകളുടെയും ഫൈനലിൽ പ്രവേശിച്ചു. രോഹിത്തിന്റെ നായകത്വത്തിൽ ഐസിസി ടി20 ലോകകപ്പ് 2024, ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023, ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2023, ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവയുടെ ഫൈനലുകളിലേക്ക് എത്തി. ഇതിൽ 2024 ലെ ടി20 ലോകകപ്പ് കിരീടവും രോഹിത് നേടിയിട്ടുണ്ട്.