ഇംഫാൽ: മണിപ്പൂരിലെ കാംജോങ്ങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 11:06 നാണ് ഭൂചലനമുണ്ടയത്. അസമിലെ ഗുവാഹത്തിയിലും മേഘാലയയുടെ ചില ഭാഗങ്ങളിലും തുടർ ചലനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) പ്രകാരം, 110 കിലോമീറ്റർ ആഴത്തിൽ 24.75 N അക്ഷാംശത്തിലും 94.35 E രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം. അതേസമയം, ഉച്ചയ്‌ക്ക് 12.20 ന് മണിപ്പൂരിൽ 4.1 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി. രണ്ട് ഭൂകമ്പങ്ങളിലും നിരവധി കെട്ടിടങ്ങളിൽ വിള്ളലുകൾ ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ മ്യാൻമറിൽ തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു. പുലർച്ചെ 3:36 ന് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും പുലർച്ചെ 3:54 ന് റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവും ഉണ്ടായി.















