ലണ്ടൻ: ലണ്ടനിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനുനേരെ ഖാലിസ്ഥാനി വിഘടനവാദികളുടെ ആക്രമണശ്രമം. പ്രതിഷേധവുമായെത്തിയ അക്രമികൾ ജയശങ്കറിന്റെ വാഹനവ്യൂഹത്തിനുനേരെ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക വലിച്ചുകീറുകയും ചെയ്തതായാണ് റിപ്പോർട്ട്. ലണ്ടനിലെ ചാത്തം ഹൗസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യമന്ത്രിക്ക് സുരക്ഷാ ഭീഷണി നേരിട്ടത്. 6 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ യുകെയിലെത്തിയത്. സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ കടുത്ത പ്രതിഷേധമറിയിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒരു സംഭാഷണ പരിപാടിക്കായാണ് ജയശങ്കർ ചാത്തം ഹൗസിലെത്തിയതെന്നാണ് വിവരം. ഇത് കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണശ്രമം ഉണ്ടാകുന്നത്. ഖാലിസ്ഥാനി പതാകയുമായി ഒരു കൂട്ടം വിഘടനവാദികൾ സ്ഥലത്ത് തമ്പടിച്ച് ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ഒരാൾ യാതൊരു പ്രകോപനവുമില്ലാതെ ജയശങ്കറിന്റെ വാഹനത്തിനുനേരെ പാഞ്ഞടുക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുന്നില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
#WATCH | London, UK | Pro-Khalistan supporters staged a protest outside the venue where EAM Dr S Jaishankar participated in a discussion held by Chatham House pic.twitter.com/ISVMZa3DdT
— ANI (@ANI) March 6, 2025
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് പ്രധാന ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സംഭവം. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ലക്ഷ്യം.യുകെയിലെ പരിപാടികൾക്ക് ശേഷം, മാർച്ച് 6 മുതൽ 7 വരെ ജയ്ശങ്കർ അയർലണ്ടിലേക്ക് പോകും, അവിടെ അദ്ദേഹം ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസിനെ കാണുകയും മറ്റ് ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ഇന്ത്യൻ പ്രവാസികളുമായി ഇടപഴകുകയും ചെയ്യും.