ലഖ്‌നൗ: പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സജീവ ഖാലിസ്ഥാനി ഭീകരൻ പിടിയിൽ. പഞ്ചാബിലെ അമൃത്സറിലെ രാംദാസ് സ്വദേശിയായ ലജർ മാസിഹ് എന്ന ഭീകരനാണ് പിടിയിലായത്. ഉത്തർ പ്രദേശിലെ കൗശാംബി ജില്ലയിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ഉത്തർപ്രദേശ് എസ്ടിഎഫും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റ്.
കൗശാംബിയിലെ കോഖ്‌രാജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ലോ ആൻഡ് ഓർഡർ) അമിതാഭ് യാഷ് പറഞ്ഞു. അറസ്റ്റിലായ ഭീകരൻ ജർമ്മനി ആസ്ഥാനമായുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (BKI) തലവനായ സ്വർണ് സിംഗ് എന്നറിയപ്പെടുന്ന ജീവൻ ഫൗജിയുടെ കീഴിൽ പ്രവർത്തിക്കുന്നയാളാണ്. പാകിസ്താൻ ആസ്ഥാനമായുള്ള ഐഎസ്ഐ പ്രവർത്തകരുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു.
ഭീകരനിൽ നിന്ന് ചില സ്ഫോടകവസ്തുക്കളും ആയുധങ്ങളും യുപി എസ്ടിഎഫ് കണ്ടെടുത്തു. ഇവയിൽ മൂന്ന് ആക്ടീവ് ഹാൻഡ് ഗ്രനേഡുകൾ, രണ്ട് ആക്ടീവ് ഡിറ്റണേറ്ററുകൾ, ഒരു വിദേശ നിർമ്മിത പിസ്റ്റൾ, 13 വിദേശ നിർമ്മിത വെടിയുണ്ടകൾ എന്നിവ ഉൾപ്പെടുന്നു. കൂടത്തെ ഗാസിയാബാദ് വിലാസമുള്ള ആധാർ കാർഡ്, സിം കാർഡ് ഇല്ലാത്ത ഒരു മൊബൈൽ ഫോൺ എന്നിവയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലജർ മാസിഹ് 2024 സെപ്റ്റംബർ 24 ന് പഞ്ചാബിലെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഭീകരനാണ്.