വാഷിംഗ്ടൺ: ഹമാസിന് അവസാന മുന്നറിയിപ്പ് നൽകി ട്രംപ്. ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് ട്രംപിന്റെ നിർദേശം. ഇപ്പോൾ മോചിപ്പിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഹമാസിനെ യുഎസ് പ്രസിഡന്റ് ഓർമിപ്പിച്ചു. ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ചകൾ നടത്തിയെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. 1977-ൽ ഹമാസിനെ വിദേശഭീകര സംഘടനയായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചതിന് ശേഷം ഹമാസുമായി നേരിട്ടൊരു ചർച്ചയ്‌ക്ക് അമേരിക്ക മുതിരുന്നത് ഇതാദ്യമായിട്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ എന്ന എക്സ് പേജിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ..
ഷാലോം ഹമാസ്- എന്നുവച്ചാൽ ഹെലോ, ഗുഡ്ബൈ എന്നർത്ഥം. ഇതിൽ നിന്നും നിങ്ങൾക്കാവശ്യമുള്ളത് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ തന്നെ മോചിപ്പിക്കണം, നിങ്ങൾ കൊന്നൊടുക്കിയവരുടെ മൃതദേഹങ്ങൾ എത്രയും വേഗം കൈമാറണം. ഇല്ലെങ്കിൽ എല്ലാം തീർന്നെന്ന് കൂട്ടിക്കോളൂ.. തലയ്‌ക്ക് സുഖമില്ലാത്തവരാണ് മൃതദേഹങ്ങൾ ഇങ്ങനെ പിടിച്ചുവച്ചിരിക്കുക. നിങ്ങളും തലതിരിഞ്ഞവരാണ്. ഇസ്രായേലിന് അവരുടെ ദൗത്യം പൂർത്തിയാക്കാൻ വേണ്ടതെല്ലാം അമേരിക്ക നൽകും. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഒരൊറ്റ ഹമാസ് അംഗം പോലും സുരക്ഷിതരായിരിക്കില്ലെന്ന് ഓർത്തോളൂ..
നിങ്ങൾ ജീവിതം തകർത്ത ബന്ദിയെ ഞാൻ സന്ദർശിച്ചതിന് ശേഷമാണ് ഞാൻ സംസാരിക്കുന്നത്. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണെന്നോർക്കുക!! ഗാസ വിടാൻ നിങ്ങൾക്ക് സമയമായി, അതാണ് നിങ്ങളുടെ നേതൃത്വത്തോട് പറയാനുള്ളത്. നിങ്ങൾക്കിപ്പോഴും അവസരമുണ്ട്. ഗാസയിലെ ജനങ്ങളോട് പറയാനുള്ളത് – നല്ലൊരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു. പക്ഷെ ബന്ദികളെ ഹമാസ് തടവിൽ വച്ചുകൊണ്ടിരുന്നാൽ അതുണ്ടാകില്ല. അങ്ങനെ തുടരാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ നിങ്ങളുണ്ടാകില്ല!! അതുകൊണ്ട് സ്മാർട്ടായി ഒരു തീരുമാനമെടുക്കുക. ബന്ദികളെ ഇപ്പോൾ തന്നെ മോചിപ്പിക്കുക, അല്ലെങ്കിൽ പിന്നീട് നിങ്ങൾ പലതും അനുഭവിക്കേണ്ടി വരും!! – ട്രംപ് പറഞ്ഞു.
ഗാസ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ ബന്ദികളിൽ ചിലരെ ഹമാസ് മോചിപ്പിച്ചിരുന്നു. 3-4 വീതം ബന്ദികളെയാണ് ഓരോ തവണയും റെഡ് ക്രോസിന് കൈമാറിയിരുന്നത്. ചിലരുടെ മൃതദേഹങ്ങളും വിട്ടുകൊടുത്തു. ഇതിനെല്ലാം പകരമായി ആയിരക്കണക്കിന് പാലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. വെടിനിർത്തൽ കരാർ നിലവിൽ വന്ന് ദിവസങ്ങൾ ഇത്ര കടന്നുപോയതിന് ശേഷവും മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കാൻ തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വാക്കുകൾ. ഹമാസിൽ നിന്ന് മോചിതരായ എട്ട് ബന്ദികളെ വൈറ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്.