ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ പൂട്ടാൻ നിർണായക കണ്ടെത്തലുകളുമായി ഇഡി. ഭീകര പ്രവർത്തനങ്ങൾക്കായി പിഎഫ്ഐ ഇന്ത്യയ്‌ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പണം ശേഖരിച്ചുവെന്ന് ഇഡി കണ്ടെത്തി. ഹവാല ഇടപാടുകളിലൂടെയും സംഭാവനകളിലൂടെയുമാണ് പണമെത്തിയതെന്നാണ് കണ്ടെത്തൽ. ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഇഡി ഇക്കാര്യങ്ങൾ അറിയിച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കുറിച്ചും വാർത്താക്കുറിപ്പിൽ പരാമർശിക്കുന്നു. 12 തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് തുടർ നടപടികൾ ആരംഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. എസ്ഡിപിഐയ്‌ക്കും പിഎഫ്ഐയ്‌ക്കും ഒരേ അണികളാണുള്ളത്. രാജ്യത്ത് ആക്രമണം നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം സമഹരിച്ചു.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടുകൾ പിഎഫ്ഐയാണ് നിയന്ത്രിക്കുന്നതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതും പൊതുപരിപാടികൾ തീരുമാനിക്കുന്നതും പിഎഫ്ഐയാണ്. എസ്ഡിപിഐയ്‌ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പിഎഫ്ഐയാണ്.
പിഎഫ്ഐയിൽ നിന്ന് നാല് കോടിയോളം രൂപ എസ്ഡിപിഐ കൈക്കലാക്കിയതായി തെളിഞ്ഞിട്ടുണ്ട്. പിഎഫ്ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 26 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.















