ബെംഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ ‘മുടി’ മോഷ്ടിച്ച് കവർച്ചാ സംഘം. ബെംഗളൂരുവിലാണ് വിചിത്രസംഭവമുണ്ടായത്. കവർച്ച ചെയ്യപ്പെട്ട തലമുടി 90 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വിലമതിക്കുന്നതാണെന്നാണ് വിവരം.
ചൈന, ബർമ, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഗോഡൗണിൽ സൂക്ഷിച്ച മുടിയാണ് ആറംഗ സംഘം മോഷ്ടിച്ചത്. ഫെബ്രുവരി 28നാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കവർച്ചാ സംഘം വാഹനത്തിലെത്തുന്നതും കവർച്ച നടത്തി മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
വിഗ് നിർമാതാക്കളായ ചൈനീസ് കമ്പനിയുടെ പ്രതിനിധികൾ മുടിയുടെ ശേഖരം സന്ദർശിച്ച് മടങ്ങിയതിന് പിന്നാലെയാണ് കവർച്ച നടന്നത്. ഗോഡൗൺ ഉടമ വെങ്കട്ടരമണയുടെ പരാതി പ്രകാരം മോഷ്ടാക്കൾക്കായി ബെംഗളൂരു പൊലീസ് തിരച്ചിൽ തുടരുകയാണ്.
തലമുടി വ്യാപാരവുമായി ബന്ധമുള്ളവർ തന്നെയാകാം കവർച്ചയ്‌ക്ക് പിന്നിലെന്ന് പൊലീസിന് സംശയമുണ്ട്. മുടിയുടെ സ്റ്റോക്ക് സൂക്ഷിച്ചതിനെക്കുറിച്ചും അതിന്റെ വിപണിനിരക്കിനെക്കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.















