സുനിൽ ഛേത്രി വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. അന്താരാഷ്‌ട്ര ഫുടബോളിലേക്ക് മടങ്ങിവരാനുള്ള ഛേത്രിയുടെ തീരുമാനം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) സ്ഥിരീകരിച്ചു. മാർച്ച് 19 ന് മാലദ്വീപിനെതിരെയും മാർച്ച് 25 ന് ബംഗ്ലാദേശിനെതിരെയും നടക്കുന്ന ഇന്ത്യയുടെ മത്സരങ്ങളിൽ തരാം കളിക്കുമെന്നാണ് സൂചന. രണ്ട് മത്സരങ്ങളും ഷില്ലോങ്ങിൽ നടക്കും.
വാർത്തയ്‌ക്ക് പിന്നാലെ 40 കാരനായ താരത്തിന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കാനുള്ള കാരണങ്ങളാണ് ചർച്ചയാകുന്നത്. ഇന്ത്യൻ സീനിയർ പുരുഷ ദേശീയ ടീം മുഖ്യ പരിശീലകൻ മനോളോ മാർക്വേസ്, 2025 മാർച്ച് 6 വ്യാഴാഴ്ച, മാർച്ചിലേക്കുള്ള ഫിഫ ഇന്റർനാഷണൽ വിൻഡോയ്‌ക്കായി സുനിൽ ഛേത്രി ഉൾപ്പെടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചതായി ഫെഡറേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഏഷ്യൻ കപ്പിനുള്ള യോഗ്യത ഇന്ത്യക്ക് വളരെ നിർണായകമാണ്. ടൂർണമെന്റിന്റെയും വരാനിരിക്കുന്ന മത്സരങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത് ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി ഛേത്രി തിരിച്ചുവരണമെന്ന് താൻ ആവശ്യപ്പെട്ടതായും ഇതിനെ തുടർന്നാണ് താരം വിരമിക്കൽ തീരുമാനം പിൻവലിച്ചതെന്നുമാണ് പരിശീലകൻ മനോളോ മാർക്വേസ് അറിയിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 6 ന് കൊൽക്കത്തയിൽ കുവൈറ്റിനെതിരെ നടന്ന ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷമാണ് ഛേത്രി അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചത്. ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ ഗോൾ നേടിയ ഫുട്‍ബോളറാണ് സുനിൽ ഛേത്രി. 151 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയിട്ടുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, അലി ദായി എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്താണ് താരം.















