ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വിമർശനങ്ങളിൽ രൂക്ഷ വിമർശനവുനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കുന്നുവെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉന്നയിക്കുന്നത് അനാവശ്യ വാദങ്ങളാണെന്നും അതിന് ബിജെപി യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്നും അണ്ണാമലൈ എക്സിൽ പറഞ്ഞു.
ബിജെപി എം പി തമിഴിസൈ സുന്ദരരാജൻ മുന്നോട്ടുവച്ച ഒപ്പുശേഖരണ ക്യാമ്പെയ്നിൽ വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് അണ്ണാമലൈ കുറിപ്പിൽ പറയുന്നു. ഞങ്ങളുടെ ഓൺലൈൻ ഒപ്പുശേഖരണ ക്യാമ്പെയ്നിൽ രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ പിന്തുണ അറിയിച്ചു. തമിഴ്നാട്ടിലും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങൾക്ക് എല്ലാ പിന്തുണകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ സ്റ്റാലിൻ അസ്വസ്ഥനാണെന്ന് തോന്നുന്നു. നിങ്ങളുടെ വാദങ്ങൾക്ക് ഒരു വിലയുമില്ലെന്നും അണ്ണാമലൈ വിമർശിച്ചു.
ദേശീയ വിദ്യാഭ്യാസ നയം വഴി കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു സ്റ്റാലിന്റെ ആരോപണം. ഒരു എൽകെജി വിദ്യാർത്ഥി പിഎച്ച്ഡി ഹോൾഡറെ ഉപദേശിക്കുന്നത് പോലെയാണ് ഇതെന്നും സ്റ്റാലിൻ അധിക്ഷേപിച്ചിരുന്നു. കൂടാതെ ജനങ്ങളുടെ പിന്തുണ തേടി ബിജെപി നടത്തിയ ഒപ്പുശേഖരണ പ്രചാരണത്തെയും സ്റ്റാലിൻ വിമർശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒപ്പുശേഖരണ പ്രചാരണത്തിനിടെ തമിഴ്സൈ സുന്ദരരാജനും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ക്യാമ്പെയ്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് പൊലീസ് ബിജെപി നേതാക്കളെ തടയുകയായിരുന്നു. തങ്ങൾ പ്രതിഷേധമല്ല നടത്തുന്നതെന്നും സമാധാനപരമായാണ് പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിക്കുന്നതെന്നും തമിഴ്സൈ പറഞ്ഞു. എന്നാൽ, പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവർത്തിച്ചതോടെയാണ് വാക്കുതർക്കം ഉടലെടുത്തത്.