റംസാൻ മാസമായിരുന്നിട്ടും ഉപവാസമനുഷ്ഠിക്കാത്ത ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ക്രിമിനലെന്ന അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റിന്റെ ആരോപണത്തിൽ പ്രതികരിച്ച് താരത്തിന്റെ കുടുംബം. ഷമിയുടെ ബന്ധു മുംതാസാണ് സഹോദരനെ പിന്തുണച്ച് രംഗത്തെത്തിയത്. ഷമി രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നതെന്നും ഉപവാസമനുഷ്ഠിക്കാത്തതിന് താരത്തെ കുറ്റപ്പെടുത്തുന്നവരുടെ നിലപാട് ലജ്ജാകരമാണെന്നും മുംതാസ് പറഞ്ഞു.
“അദ്ദേഹം രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. ഉപവസിക്കാത്ത നിരവധി പാകിസ്താൻ കളിക്കാരുണ്ട്, അതിനാൽ ഇത് പുതിയ കാര്യമല്ല. അദ്ദേഹത്തെക്കുറിച്ച് ഇത്തരം കാര്യങ്ങൾ പറയുന്നത് വളരെ ലജ്ജാകരമാണ്. ഇതിലൊന്നും ശ്രദ്ധ ചെലുത്തരുതെന്നും മാർച്ച് 9 ന് നടക്കുന്ന മത്സരത്തിന് തയ്യാറെടുക്കണമെന്നുമാണ് ഞങ്ങൾക്ക് മുഹമ്മദ് ഷമിയോട് പറയുണുള്ളത്,” മുംതാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനൽ മത്സരത്തിനിടെ ഷമി എനർജി ഡ്രിങ്ക്സ് കുടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമർശനം. ഉപവസിക്കാതിരുന്നതോടെ അദ്ദേഹം വലിയൊരു കുറ്റമാണ് ചെയ്തതെന്നും ശരിഅത്തിന്റെ കണ്ണിൽ ഷമി ഒരു കുറ്റവാളിയാണെന്നും അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി ആരോപിച്ചു. സോഷ്യൽ മീഡിയയിലും താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തുവന്നിരുന്നു.















