പാലക്കാട്: സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ തട്ടിപ്പ്. ഒറ്റപ്പാലം അർബൻ ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം. ബാങ്ക് സീനിയർ അക്കൗണ്ടന്റാണ് തട്ടിപ്പ് നടത്തിയത്. മുക്കുപണ്ടം പണയം വച്ച് 45 ലക്ഷം രൂപയാണ് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണൻ തട്ടിയത്. ഇയാളെ ബാങ്ക് അധികൃതർ സസ്പെൻഡ് ചെയ്തു. ഇയാൾക്കൊപ്പം സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ മൂന്ന് ബന്ധുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം.
മോഹനകൃഷ്ണന്റെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മി ദേവി, ഇവരുടെ ഭർത്താവും സിപിഎം തെങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവൻ, മകൻ വിവേക് എന്നിവരാണ് തട്ടിപ്പ് നടത്തിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ മാസം മുതൽ ഫെബ്രുവരി വരെയാണ് മോഹനകൃഷ്ണനും കുടുംബാംഗങ്ങളും തട്ടിപ്പ് നടത്തിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വച്ച് മോഹനകൃഷ്ണൻ പണം തട്ടിയെന്ന് കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. തുടർന്ന് അധികൃതർ മോഹനകൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പണം തിരിച്ചെടുക്കുന്നതിന് മോഹനകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബാങ്ക് അധികൃതർ നടപടി തുടങ്ങിയിട്ടുണ്ട്. 27 ലക്ഷം രൂപ തട്ടിയെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് 18 ലക്ഷം കൂടി ഇയാൾ തട്ടിയെടുത്തെന്ന് തെളിഞ്ഞത്.















