14 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ദിലീപും ബിഗ്സ്ക്രീനിൽ ഒരുമിച്ചെത്തുന്നു. ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ഭഭബയിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരുന്ന മോഹൻലാലിന്റെ ഫോട്ടോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. കോമഡി എന്റർടൈൻമെന്റായാണ് ഭഭബ തിയേറ്ററുകളിലെത്തുന്നത്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈനടൗൺ, ട്വിന്റി ട്വിന്റി തുടങ്ങിയ ചിത്രങ്ങളിലെ ഇരുവരുടെയും കോംമ്പോ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചൈനടൗണാണ് മോഹൻലാലും ദിലീപും ഒരുമിച്ചെത്തിയ അവസാന ചിത്രം. വർഷങ്ങൾക്ക് ശേഷം ഇരുവരെയും ഒന്നിച്ച് ബിഗ്സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ.
നിലവിൽ ഭഭബയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പാലക്കാട്, പൊള്ളാച്ചി പ്രദേശങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, അശോകൻ, നോബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.















