എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും നവീനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തിയെന്നുമുള്ള ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പ്രതികരിച്ച് ഭാര്യ മഞ്ജുഷ. കൂടുതൽ നിയമപോരാട്ടം നടത്താനും മുന്നോട്ടുപോകാനുമുള്ള ശക്തി കിട്ടിയെന്ന് മഞ്ജുഷ പ്രതികരിച്ചു.
നവീൻ കൈക്കൂലി വാങ്ങിയിട്ടില്ലെന്നത് കുടുംബാംഗങ്ങൾക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്. റിപ്പോർട്ട് പുറത്തുവന്നത് തെളിവായി. കുടുംബത്തിന് ഏറെ ആശ്വാസം ലഭിക്കുന്ന കണ്ടെത്തലാണിത്. സത്യസന്ധമായ ഈ റിപ്പോർട്ട് വന്നതിൽ ആശ്വാസമുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലേക്ക് നീങ്ങും. ആരുടെ ഭാഗത്തുനിന്നും നീതി പ്രതീക്ഷിക്കുന്നില്ല. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അവർ പ്രതികരിച്ചു.
കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ പങ്കും അന്വേഷിക്കണം. റിപ്പോർട്ടിൽ ഗൂഢാലോചന വ്യക്തമാണ്. പിപി ദിവ്യയ്‌ക്കൊപ്പം പരാതിക്കാരനായ പ്രശാന്തും ജില്ലാ കളക്ടറും ഗൂഢാലോചനയിൽ പങ്കാളികളാണ്. അവരിലേക്ക് അന്വേഷണം നീളുന്നില്ലെന്നും പ്രശാന്ത് ചിത്രത്തിലേ ഇല്ലെന്നും മഞ്ജുഷ കുറ്റപ്പെടുത്തി.
നവീൻ ബാബിനുവിമേൽ മറ്റു ചില സമ്മർദ്ദങ്ങളും ഉണ്ടായിരുന്നുവെന്നും ഭാര്യ മഞ്ജുഷ സൂചിപ്പിച്ചു. കുടുംബാംഗങ്ങളിൽ ചിലരോട് അത് പറഞ്ഞിട്ടുണ്ട്. മറ്റൊരു അവസരത്തിൽ അത് വെളിപ്പെടുത്തും. സിപിഎമ്മിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. നിയമപോരാട്ടം തന്നെ തുടരുമെന്നും മഞ്ജുഷ പറഞ്ഞു.















