പാലക്കാട്: ബ്രൂവറിയിൽ നിന്ന് സിപിഎമ്മും കോൺഗ്രസും പണം കൈപ്പറ്റിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ബിജെപി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്സ് ഡയറക്ടർ ജനറൽ, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവർക്കാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്.
പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തിൽ മദ്യനിർമാണശാല തുടങ്ങാൻ അനുമതി ലഭിച്ച ഒയാസിസ് കമ്പനിയിൽ നിന്ന് സിപിഎം രണ്ട് കോടി രൂപയും കോൺഗ്രസ് ഒരു കോടി രൂപയും കൈപ്പറ്റിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ നേരത്തെ ആരോപിച്ചിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അക്കൗണ്ടിലേക്കും, കോൺഗ്രസ് ജില്ലാ കമ്മിറ്റി അക്കൗണ്ടിലേക്കും പണം എത്തിയെന്നാണ് ആരോപണം. മദ്യ കമ്പനിക്ക് അനുമതി നൽകിയ പ്രദേശത്തെ പുതുശ്ശേരി മുൻ ഏരിയ സെക്രട്ടറി ഒയാസിസ് കമ്പനിയിൽ നിന്ന് ഒരു കാർ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു.















