ന്യൂസിലൻഡിനെതിരെ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടി ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ (76) മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ മധ്യനിരയിൽ വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ താളം തെറ്റിച്ചു. ഇതോടെ അവസാന ഓവറുകൾ ശ്വാസമടക്കിപ്പിടിച്ച് കണ്ട ആരാധകർക്ക് ആശ്വാസമായി 49-ാം ഓവറിന്റെ അവസാനത്തിൽ ജഡേജ ഇന്ത്യയുടെ വിജയ റൺ നേടി.
സമ്മർദ്ദത്തിൽ അനാവശ്യ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യക്ക് മറുവശത്ത് 34 റൺസ് നേടി പുറത്താകാതെ നിന്ന രാഹുലിന്റെ ഇന്നിംഗ്‌സ് അർഹിച്ച വിജയം നേടിക്കൊടുത്തു. ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ച രാഹുൽ താൻ സമ്മർദ്ദ ഘട്ടത്തെ നേരിടാൻ മാനസികമായി തയ്യാറെടുത്താണ് ബാറ്റിംഗിനിറങ്ങിയതെന്ന് വെളിപ്പെടുത്തി.
“ഇത് ഓൺ എയർ പറയുന്നത് ശരിയാണോ എന്നെനിക്ക് അറിയില്ല, പക്ഷെ ഞാൻ സമ്മർദ സാഹചര്യങ്ങൾ നേരിടാൻ ധൈര്യം സംഭരിച്ചിരുന്നു. അവസാന ഓവറുകളിൽ ലക്ഷ്യം മറികടക്കാനാവുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. സംയമനം പാലിക്കുക എന്നതാണ് പ്രധാനം. ഇത്തവണ അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അഞ്ച് മത്സരങ്ങളിൽ മൂന്നിലും ഇതുപോലുള്ള സമയങ്ങളിൽ ഞാൻ ബാറ്റ് ചെയ്തിട്ടുണ്ട്. വാക്കുകൾ കൊണ്ട് പറയാൻ പ്രയാസമാണ്. പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരായ കാലം മുതൽ ഞങ്ങൾ സമ്മർദ്ദ സാഹചര്യങ്ങൾ അഭിമുഖീകരിച്ചിട്ടുള്ളവരാണ്,” രാഹുൽ പറഞ്ഞു.