മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സിനിമമാണ് സമ്മർ ഇൻ ബത്ലഹേം. ജയറാം, മഞ്ജു വാര്യർ, സുരേഷ് ഗോപി, മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ച് പങ്കുവക്കുകയാണ് മഞ്ജു വാര്യർ. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ചിത്രത്തിൽ നായകന് വേണ്ടി പൂച്ചയെ അയയ്‌ക്കുന്ന പെൺകുട്ടി ആരെന്ന് വെളിപ്പെടുത്താതെ ഒരു സസ്പെൻസ് അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്. നാല് പേരിൽ ആരാകും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള അവസരം സംവിധായകനായ സിബി മലയിൽ പ്രേക്ഷകർക്കാണ് നൽകിയത്. എന്നാൽ അത് ആരെന്ന് അതിൽ അഭിനയിച്ച താരങ്ങൾക്ക് പോലും അറിയില്ലെന്ന് പറയുകയാണ് മഞ്ജു വാര്യർ.
“പണ്ട് സ്ഥിരം ഈ ചോദ്യം കേൾക്കാറുണ്ടായിരുന്നു. പലരും അത് എന്നോട് ചോദിച്ചിട്ടിട്ടുണ്ട്. പൂച്ചയെ ആരാണ് അയച്ചതെന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. ഇപ്പോഴും അത് എഴുതിയ രഞ്ജിത്ത് ചേട്ടനും സംവിധാനം ചെയ്ത സിബി സാറിനും മാത്രമേ അറിയൂ. ആരെയെങ്കിലും അവർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്റെ അറിവിൽ അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.