ഭാര്യയുടെ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവ് ഭാര്യക്കൊപ്പം രക്ഷപ്പെട്ടു. ഇവർ രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൃത്യം നടന്ന ഇടത്ത് നിന്ന് രക്തം പുരണ്ട കൈയുമായി ഓടി പോകുന്ന യുവാവിനെയും യുവതിയെയും നാട്ടുകാർ കണ്ടിരിന്നതായി പൊലീസും വ്യക്തമാക്കി. ഹിരൺ മാർഗിയിലാണ് ക്രൂര കൊലപാതകം നടന്നത്. ജിതേന്ദ്ര മീണ എന്ന 30-കാരനാണ് കൊല്ലപ്പെട്ടതെന്ന് ഹിരൺമാർഗി എസ്.എച്ച്.ഒ ഭരത് യോഗി പറഞ്ഞു. ദുൻഗർപൂർ സ്വദേശിയാണ് കൊല്ലപ്പെട്ട യുവാവും കൊലപ്പെടുത്തിയവരും.
25-കാരിയായ ഡിംപിളിനൊപ്പമായിരുന്നു ജിതേന്ദ്രയുടെ താമസം. ഇരുവരും ഒരു ആശുപത്രിയിലെ ജീവനക്കാരാണ്. ഇവരുടെ ബന്ധം ഭർത്താവ് നാർസി മനസിലാക്കിയതാകാം കാെലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. പന്നേരിയ കി മാഡറിൽ യുവതിയും പങ്കാളിയും വാടക വീട്ടിലായിരുന്നു താമസം. യുവതി ആശുപത്രിയിലെ നഴ്സാണ്. ഇവരുടെ കൺമുന്നിലായിരുന്നു കൊലപാതകം. നാലഞ്ച് തവണ പ്രതി യുവാവിനെ കുത്തിപരിക്കേൽപ്പിച്ചു. പിന്നിൽ നിന്നായിരുന്നു കുത്തുകൾ. ജിതേന്ദ്ര തത്ക്ഷണം മരിച്ചു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ഫോറൺസിക് സംഘം തെളിവ് ശേഖരിച്ചു.