ചാമ്പ്യൻ ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റ് ആരംഭിച്ച നാൾ മുതൽ ഇന്ത്യ ഒരു വേദിയിൽ കളിക്കുന്നതിനെ കുറിച്ച് വിമർശനവും ചർച്ചകളും സജീവമായിരുന്നു. ഇത് ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകുമെന്നായിരുന്നു വിമർശനം. പാകിസ്താനിലായാൽ കിരീടവും കിട്ടില്ലെന്നും വിമർശനം ഉയർന്നു. എന്നാൽ ഇതിനെല്ലാം മറുപടി നൽകുകയാണ് മുൻ പാകിസ്താൻ താരം വസിം അക്രം. ഇന്ത്യ പാകിസ്താനിൽ വന്ന് കളിച്ചാലും ഈ ഫലത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് താരം പറയുന്നത്.
ഈ ഇന്ത്യൻ ടീം ലോകത്തിന്റെ ഏത് കോണിൽ കളിച്ചാലും ജയിക്കും. അതെ, ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കുമെന്ന് തീരുമാനിച്ചപ്പോൾ ധാരാളം ചർച്ചകളുണ്ടായിരുന്നു. പക്ഷേ അവർ പാകിസ്താനിൽ കളിച്ചിരുന്നെങ്കിൽ അവിടെയും വിജയിക്കുമായിരുന്നു,” അക്രം പറഞ്ഞു.
2024 ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും ഒരു കളി പോലും തോൽക്കാതെ ഇന്ത്യ നേടിയെന്നും, അതിനാൽ, അവർ എവിടെ കളിച്ചാലും ടൂർണമെന്റ് വിജയിക്കാൻ സജ്ജരായിരുന്നുവെന്നും അക്രം ചൂണ്ടിക്കാട്ടി.”ഒരു കളി പോലും തോൽക്കാതെ അവർ 2024 ലെ ടി20 ലോകകപ്പ് നേടി, ഒരു കളി പോലും തോൽക്കാതെ അവർ ചാമ്പ്യൻസ് ട്രോഫി നേടി, അത് അവരുടെ ക്രിക്കറ്റിലെ ആഴവും നേതൃപാടവും കാണിക്കുന്നു,” അക്രം കൂട്ടിച്ചേർത്തു.
“നിങ്ങൾ ഒരു കാര്യം ഓർമിക്കുന്നുണ്ടോ? ടെസ്റ്റ് പരമ്പരയിൽ 3-0 ന്യൂസിലൻഡിനോട് നാട്ടിലും ബോർഡർ-ഗവാസ്കർ ട്രോഫിയിലും അവർ തോറ്റു. ശ്രീലങ്കയിലും പരമ്പര തോൽവി. ക്യാപ്റ്റനെയും പരിശീലകനെയും മാറ്റാൻ ഏറെ സമ്മർദ്ദമുണ്ടായിരുന്നു. പക്ഷേ വിവേകത്തോടെ അവർ തീരുമാനമെടുത്തു. ബിസിസിഐ അവരെ പിന്തുണച്ചു. ഇതാണ് ക്യാപ്റ്റനെന്നും കോച്ചെന്നും ഉറക്കെ പറഞ്ഞു. ഇപ്പോൾ അവർ ചാമ്പ്യൻസ് ട്രോഫി നേടി ചാമ്പ്യന്മാരായി”—– അക്രം പറഞ്ഞു.















