പാലക്കാട്: കാലങ്ങളായി സിപിഎം ഭരിക്കുന്ന മാത്തൂർ തണ്ണീരങ്കാട് സഹകരണബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി സത്യവാൻ അറസ്റ്റിൽ. ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന രജിസ്ട്രാറുടെ കണ്ടത്തലിനെ തുടർന്നാണ് നടപടി. ഒന്നാം പ്രതി സത്യവാൻ സഹകരണബാങ്കിന്റെ കീഴിലുള്ള നീതി സ്റ്റാറിന്റെ നടത്തിപ്പുകാരനുമാണ്.
2021 ഡിസംബർ മുതൽ 2024 മെയ് വരെയാണ് ബാങ്കിൽ തട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സത്യവാൻ നീതി സ്റ്റോർ നടത്തിപ്പിൽ വ്യാപകമായ ക്രമക്കേട് നടത്തിയിരുന്നു. കൃത്യമായ വിറ്റുവരവിന്റെ കണക്കുകളോ, രേഖകളോ ബാങ്കിൽ സമർപ്പിച്ചിരുന്നില്ലെന്നും ഇതിലൂടെയാണ് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതെന്നുമാണ് കണ്ടെത്തൽ.
തട്ടിപ്പിന്റെ വിവരങ്ങൾ അറിഞ്ഞിട്ടും ബാങ്ക് ജീവനക്കാർ ഇത് മൂടിവെയ്‌ക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. രണ്ടാം പ്രതി ബാങ്ക് സെക്രട്ടറിയും മൂന്നും നാലും പ്രതികൾ ബാങ്ക് ജീവനക്കാരുമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സത്യവാൻ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.















