എറണാകുളം: കാസർകോട് 15-കാരിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ കേസ് ഡയറി ഹാജരാക്കി. പെൺകുട്ടിയുടെയും യുവാവിന്റെയും കോൾ റെക്കോർഡുകൾ എപ്പോഴാണ് പരിശോധിച്ചതെന്ന് കോടതി ചോദിച്ചു. പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്ന ചോദ്യത്തിന് കാണാതായ ദിവസം തന്നെ പെൺകുട്ടി മരിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു.
സംഭവത്തിൽ കഴിഞ്ഞ ദിവസവും ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാൽ പൊലീസ് ആ നിമിഷം തന്നെ അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു. എപ്പോഴാണ് പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത്, പെൺകുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങൾ കഴിഞ്ഞിരുന്നില്ലേ, പൊലീസ് നായയുടെ പരിശോധന വൈകിയത് എന്തുകൊണ്ട്, പെൺകുട്ടിയുടെ മൊബൈൽ ലൊക്കേഷൻ കണ്ടുപിടിക്കാൻ എന്താണ് വൈകിയത് എന്നീ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.
പെൺകുട്ടി ഒളിച്ചോടിപോയിയെന്ന് കരുതിയെന്നാണ് പൊലീസ് കോടതിക്ക് നൽകിയ മറുപടി. കുട്ടിക്ക് 15 വയസ് മാത്രമല്ലേയുള്ളൂ പ്രായമെന്നും പോക്സോ കേസ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കാത്തത് എന്തുകൊണ്ടെന്നും കോടതി ആവർത്തിച്ചു. കേസ് ഉച്ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കും.















