കഴിഞ്ഞ വർഷം ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കിരീടം നേടിക്കൊടുത്ത ശേഷവും തനിക്ക് അർഹിച്ച പരിഗണന ലഭിച്ചിരുന്നില്ലെന്ന് ശ്രേയസ് അയ്യർ. ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസിനെ സെൻട്രൽ കോൺട്രാക്റ്റ് പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ സീസണിൽ കെകെആറിനെ മൂന്നാം ഐപിഎൽ വിജയത്തിലേക്ക് നയിച്ചെങ്കിലും, ഫ്രാഞ്ചൈസി ശ്രേയസിനെ നിലനിർത്തിയില്ല. എന്നാൽ മെഗാ ലേലത്തിൽ 26.75 കോടി രൂപയ്‌ക്ക് പഞ്ചാബ് കിംഗ്സ് വലംകൈയ്യൻ താരത്തെ സ്വന്തമാക്കി. ഈ സീസണിൽ ശ്രേയസ് പഞ്ചാബിനെ നയിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങൾ തനിക്ക് വളരെ സംതൃപ്തി നൽകുന്നതായിരുന്നുവെന്നും ഒടുവിൽ തന്റെ കഠിനാധ്വാനം ഫലം കണ്ടു തുടങ്ങിയെന്നും ശ്രേയസ് പറഞ്ഞു. എവിടെയാണ് തെറ്റ് പറ്റിയതെന്ന് ചിന്തിച്ചുവെന്നും അതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങിയപ്പോൾ ഫലങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
“വളരെ സംതൃപ്തി നൽകുന്നു. സത്യം പറഞ്ഞാൽ, ഇതൊരു യാത്രയായിരുന്നു, 2023 ലെ ഏകദിന ലോകകപ്പ് കളിച്ചതിന് ശേഷം കരാറിൽ നിന്ന് പുറത്തുപോയ ഘട്ടത്തിൽ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. എനിക്ക് എവിടെയാണ് പിഴച്ചത്, ഞാൻ എന്തുചെയ്യണം, എന്റെ ഫിറ്റ്നസിൽ എത്രത്തോളം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ വീണ്ടും വിലയിരുത്തി. ഈ ചോദ്യങ്ങളെല്ലാം ഞാൻ എന്നോട് തന്നെ ചോദിച്ചു, ഒരു ദിനചര്യ തയ്യാറാക്കി, എന്റെ പരിശീലനത്തിലും കഴിവുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി,” ശ്രേയസ് അയ്യർ പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പ്രതിസന്ധിയിലായപ്പോഴെല്ലാം ശ്രേയസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി ശ്രേയസ് 243 റൺസ് നേടി. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ നേടിയ 79 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. കിവീസിനെതിരായ ഫൈനലിലും, ശുഭ്മാൻ ഗിൽ, വിരാട് കോലി, രോഹിത് എന്നിവരുടെ വിക്കറ്റുകൾക്ക് ശേഷം ആടിയുലഞ്ഞ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത് ശ്രേയസിന്റെ ഇന്നിംഗ്‌സായിരുന്നു.