ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസും കൂടിക്കാഴ്ചയിൽ പങ്കാളിയായി.

ബുധനാഴ്ച രാവിലെ 9 മണിയോടെ കേരള ഹൗസിൽ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി തോമസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദർശനമായിരുന്നു കേന്ദ്രമന്ത്രിയുടേത്. കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്. 50 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ചർച്ച പോസിറ്റീവായിരുന്നു എന്നാണ് കെ.വി തോമസിന്റെ പ്രതികരണം. ഏതെല്ലാം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന കാര്യം വ്യക്തമല്ല.
വയനാട് പുനരധിവാസത്തിനായി കേന്ദ്രം നൽകിയ വായ്പാ തുക വിനിയോഗിക്കുന്നതിനുള്ള കാലാവധി നീട്ടണം, വിഴിഞ്ഞം തുറമുഖത്തിന് കൂടുതൽ വികസന സഹായം നൽകണം, കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയർത്തണം എന്നീ ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ് സൂചന.















