മംഗളൂരു: ബോളിവുഡ് നടി കത്രീന കൈഫ് ചൊവ്വാഴ്ച ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിച്ച് ദർശനം നടത്തി.
കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിശേഷാൽ സർപ്പ സംസ്‌കാരപൂജകളിൽ താരം പങ്കെടുത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തി. സുഹൃത്തുക്കൾക്കും കുടുംബാങ്ങൾക്കും ഒപ്പമാണ് കത്രീന ക്ഷേത്രം സന്ദർശിച്ചത്. കുടുംബത്തിലെ മൂന്ന് അംഗങ്ങൾക്കൊപ്പമാണ് നടി സർപ്പ സംസ്‌കാര പൂജയിൽ പങ്കെടുത്തത്. ബുധനാഴ്ച നടക്കുന്ന ആശ്ലേഷ ബലി, നാഗപ്രതിഷ്ഠ ചടങ്ങുകളിൽ ഇവർ പങ്കെടുക്കും എന്ന റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും രണ്ട് ഘട്ടങ്ങളിലായാണ് പൂജ നടത്തുന്നത്, ഓരോന്നും നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയം നീണ്ടുനിൽക്കും.
മംഗളൂരുവിൽ നിന്ന് 105 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സർപ്പദോഷം (സർപ്പശാപം) അകറ്റാനുള്ള ‘സർപ്പ സംസ്‌കാര’ത്തിന് പേരുകേട്ടതാണ്.സച്ചിൻ ടെണ്ടുൽക്കർ, വെങ്കിടേഷ് പ്രസാദ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും, ബോളിവുഡ് താരങ്ങളായ ഋഷി കപൂർ, അമിതാഭ് ബച്ചൻ, ശിൽപ ഷെട്ടി, ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാർ എന്നിവരും മുൻകാലങ്ങളിൽ ക്ഷേത്രത്തിൽ സർപ്പ സംസ്‌കാരം നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ വിഐപി ഗസ്റ്റ്ഹൗസിൽ താമസിക്കുന്ന കത്രീന ബുധനാഴ്ച ഉച്ചയ്‌ക്ക് 2 മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.















