പാകിസ്താൻ ക്രിക്കറ്റ് ബോർഡ് രാജ്യത്തെ ആഭ്യന്തര കളിക്കാരുടെ വേതനം വെട്ടിക്കുറച്ചതായി റിപ്പോർട്ട്. ഭരണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾക്കായി കൂടുതൽ തുക ചെലവഴിച്ചതോടെയാണിത്. ചാമ്പ്യൻസ് ട്രോഫി നടന്ന ലാഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിലെ മൂന്ന് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പിസിബി അടുത്തിടെ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചിരുന്നു. എന്നാൽ നാട്ടിൽ ഒരു മത്സരം മാത്രമാണ് പാകിസ്താന് കളിക്കാനായത്.മാത്രമല്ല നോക്കൗട്ട് കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ദേശീയ ടി20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങളുടെ വേതനം കുറച്ചെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 14 ഫൈസ്ലാബാദിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ഒരു മത്സരത്തിന് പാകിസ്താൻ രൂപ ലക്ഷത്തിൽ നിന്ന് പതിനായിരമാക്കിയാണ് കുറച്ചത്. റിസർവ് താരങ്ങൾക്ക് 5,000 രൂപയാകും ലഭിക്കുക. അതേസമയം മാച്ച് ഫീസ് കുറച്ചതിൽ ദേശീയ താരങ്ങളടക്കം അതൃപ്തരാണ്. പാകിസ്താനിലെ ആഭ്യന്തര ക്രിക്കറ്റിന്റെ തലവനായ അബ്ദുള്ള ഖുറാം നിയാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ആഭ്യന്തര ക്രിക്കറ്റ് കളിക്കാർക്കുള്ള സൗകര്യങ്ങൾ നിരന്തരം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കളിക്കാരുടെ താമസ സൗകര്യത്തിലും മാറ്റമുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പകരം സാധാരണ ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്.
കളിക്കാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും, ചാമ്പ്യൻസ് കപ്പിലെ അഞ്ച് ടീമുകളുടെയും മെൻ്റർമാരും ദേശീയ സെലക്ടർമാർരും പിസിബിയിൽ നിന്ന് വലിയ ശമ്പളമാണ് കൈപ്പറ്റുന്നത്. മിസ്ബ-ഉൽ-ഹഖ്, വഖാർ യൂനിസ്, ഷോയിബ് മാലിക്, സർഫറാസ് അഹമ്മദ്, സഖ്‌ലെയ്ൻ മുഷ്താഖ് എന്നിവർ പ്രതിമാസം 5 മില്യൺ പാകിസ്താൻ ഡോളർ പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ. കഴിഞ്ഞ ആഭ്യന്തര സീസണിൽ കളിക്കാർക്കും അമ്പയർമാർക്കും നൽകാനുള്ള ശമ്പളവും കുടിശ്ശികയാണ് .പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇതുവരെ രാജ്യത്തെ മുൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾക്ക് വാർഷിക പെൻഷൻ പദ്ധതി നടപ്പിലാക്കിയിട്ടുമില്ല.















