തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനും കെപിസിസി വേദിയിൽ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്. സിപിഎം നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന സുധാകരൻ അതൃപ്തി പലകുറി പരസ്യമാക്കിയതിന് പിന്നാലെയാണ് കെ.പി.സി.സി വേദിയിലെത്തിയത്. സർക്കാരിന്റെ ഡൽഹി പ്രതിനിധിയായ കെ.വി തോമസിനെ രൂക്ഷ ഭാഷയിൽ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. സിപിഎമ്മിലെ പ്രായപരിധിയിലെ ഇളവുകളും ജി.സുധാരൻ ചോദ്യം ചെയ്തിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്‌ത്തിയാണ് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. സി.ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. വേദിയിൽ രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു.















