മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച 15 വവ്വാലുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളായിരുന്നു. കനത്ത ചൂട് കാരണമാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും ആശങ്ക പൂർണമായും ഒഴിവാക്കുന്നതിനായി വവ്വാലുകളുടെ സ്രവ സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്‌ക്ക് അയച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തിരുവാലിയിൽ യുവാവ് നിപ്പ ബാധിച്ച് മരിച്ചിരുന്നു. പ്രദേശത്ത് നിപ പടരുന്ന സാഹചര്യം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ കൂടിയാണ് സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചത്.















