തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദി സന്ദർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ആശാവർക്കർമാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി ബിജെപി നേതാക്കൾക്ക് സമരത്തിന് പിന്തുണയറിയിച്ചു. ആശമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ചെയ്യാൻ കഴിയാവുന്ന സഹായം കൃത്യമായി ചെയ്തിട്ടുണ്ടെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം എന്തുകൊണ്ട് നിറവേറ്റുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ആശമാരുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ അദ്ദേഹം അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് സംസ്ഥാന സർക്കാർ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മുന്നണിപ്പോരാളികളാണ്. വിഷയത്തിൽ രാഷ്‌ട്രീയം കാണരുതെന്നും മുഖ്യമന്ത്രി ആശമാരെ വിളിച്ചിരുത്തി പ്രശ്‌നം ചർച്ചചെയ്യണമെന്നും ബിജെപി നേതാവ് അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാരിന്റെ ധൂർത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും ബാധ്യത ചുമക്കേണ്ടി വരുന്നത് ആശമാരാണെന്നും അദ്ദേഹം പറഞ്ഞു.
ആശാവർക്കർമാരുടെ സമരം 32 ആം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ സന്ദർശനം. ആറ്റുകാൽ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിന് മുന്നിൽ ആശമാർ പ്രതിഷേധ പൊങ്കാലയർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ആശാവർക്കർമാരുടെ പ്രതിഷേധ പന്തലിലെത്തി ഐക്യദാർഢ്യം അറിയിച്ചിരുന്നു.















