ചെന്നൈ: തമിഴ്നാട്ടിൽ ഭാഷാ വിവാദം കത്തിപ്പടരുന്നതിനിടെ രൂപയുടെ ചിഹ്നത്തിനോടും കലിപ്പ് തീർത്ത് ഡിഎംകെ സർക്കാർ. ഇന്ത്യയുടെ കറൻസിയായ രൂപയുടെ ഔദ്യോഗിക ചിഹ്നമായ ₹ എന്നതിന് പകരം തമിഴിൽ രു (ரு) എന്നാണ് തമിഴ്നാട് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. 2025-26 വർഷത്തെ സംസ്ഥാന ബജറ്റിന്റെ ടീസറിൽ പുതിയ ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ട്.
തമിഴ് ജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബജറ്റിന്റെ ടീസർ മുഖ്യമന്ത്രി സ്റ്റാലിൻ എക്സിൽ പങ്കുവച്ചിരുന്നു. മാർച്ച് 14ന് അവതരിപ്പിക്കാൻ പോകുന്ന ബജറ്റിന്റെ ടീസറാണ് മുഖ്യമന്ത്രി സോഷ്യൽമീഡിയയിൽ പങ്കിട്ടത്. തമിഴ്നാട്ടിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേമവും വികസനവും ഉറപ്പവരുത്തുന്ന ബജറ്റാകും ഇത്തവണത്തേതെന്ന് അവകാശപ്പെട്ടുകൊണ്ട് ബജറ്റ് ടീസർ മുഖ്യമന്ത്രി പുറത്തുവിട്ടു. ദ്രാവിഡ മാതൃക എന്ന് പ്രത്യേകം ഹാഷ്ടാഗ് നൽകി 2025-26ലെ ബജറ്റിന്റെ ലോഗോയും മുഖ്യമന്ത്രി പങ്കുവച്ചു. ഇതിലാണ് രൂപയുടെ ചിഹ്നം തമിഴിലാക്കി രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻപത്തെ രണ്ട് ബജറ്റുകളിലും സംസ്ഥാന സർക്കാർ ഉപയോഗിച്ചത് രൂപയുടെ ഔഗ്യോഗിക ചിഹ്നമായ ₹ ആയിരുന്നു. എന്നാൽ ഇത്തവണ ഹിന്ദിവിദ്വേഷം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായതിനാൽ ചിഹ്നത്തോട് പോലും കലിപ്പ് തീർക്കുകയാണ് ഡിഎംകെ സർക്കാർ. ഹിന്ദി ഭാഷയിൽ ര എന്നെഴുതുന്നതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് രൂപയുടെ ചിഹ്നം തയ്യാറാക്കിയിരിക്കുന്നത് എന്നതിനാലാകാം ദേശീയ ചിഹ്നം വേണ്ടെന്ന് വെക്കാൻ തമിഴ്നാട് സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് കണക്കാക്കുന്നത്.