കൊച്ചി: കളമശേരിയിലെ സർക്കാർ പൊളിടെക്നിക്ക് കോളേജിലെ മെൻസ് ഹോസ്റ്റലിൽനിന്നും വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയ സംഭവത്തിൽ പിടിയിലായവരിൽ ഒരാൾ എസ്എഫ്ഐ നേതാവ്. കോളേജിലെ എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജാണ് മൂന്ന് പ്രതികളിൽ ഒരാൾ. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്റ്റലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 2 കിലോയിലധികം കഞ്ചാവ് കണ്ടെത്തുന്നത്.
വിദ്യാർത്ഥികളായ ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ്, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായാണ് വിവരം. ആകാശിന്റെ മുറിയിൽ നിന്നും 1.9 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. കോളേജിലെ ഹോളി ആഘോഷങ്ങളുടെ മറവിൽ വില്പനയ്‌ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇതിനിയായി വിദ്യാർത്ഥികൾ കഞ്ചാവ് ചെറിയപാക്കറ്റുകളാക്കി മാറ്റുന്നതിനിടെയായിരുന്നു അപ്രതീക്ഷിത പൊലീസ് റെയ്ഡ്.
വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ ആധിപത്യം പുലർത്തുന്ന കോളേജിലാണ് സംഭവം.കഴിഞ്ഞയാഴ്ച കോളേജിലെ ഒരു പൂർവ വിദ്യാർത്ഥിയെ പൊലീസ് കഞ്ചാവുമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് ശേഖരത്തെക്കുറിച്ചുള്ള നിർണായക സൂചനകൾ പൊലീസിന് ലഭിച്ചത്. സംഭവത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല.















