കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ട അഭിരാജ് നിരപരാധിയെന്ന് എസ്എഫ്ഐ ഏരിയ പ്രസിഡന്റ് ദേവരാജ്. എസ്എഫ്ഐയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഓടി രക്ഷപ്പെട്ട ആദിൽ, അനന്തു എന്നിവർ കെ എസ് യു വിദ്യാർത്ഥികളാണെന്നും ഇവരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും എസ്എഫ്ഐ ആരോപിച്ചു.
എസ്എഫ്ഐ യൂണിയന്റെ ഭാഗമായുള്ള വിദ്യാർത്ഥികൾ ആരും തന്നെ ഒരു തരത്തിലുള്ള ലഹരിപദാർത്ഥങ്ങളും ഉപയോഗിക്കുന്നില്ല. അഭിരാജിന്റെ കയ്യിൽ നിന്നോ ഷർട്ടിൽ നിന്നോ ബാഗിൽ നിന്നോ കഞ്ചാവ് പിടിച്ചെടുത്തില്ല. ഒരു സിഗരറ്റ് പോലും വലിക്കുന്ന ആളല്ല. റെയ്ഡ് നടക്കുന്ന സമയത്ത് അഭിരാജ് കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല. അഭിരാജിനെ പൊലീസ് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഏരിയ പ്രസിഡന്റ് ആരോപിച്ചു.
അതേസമയം താൻ എസ്എഫ്ഐ നേതാവാണെന്ന് അറിഞ്ഞതുകൊണ്ടാണ് പൊലീസ് നടപടിയെന്ന് ജാമ്യത്തിലിറങ്ങിയ അഭിരാജ് ആരോപിച്ചു. പിടിയിലായ ആകാശുമായി ബന്ധമില്ല. തന്റെ മുറിയിൽ നിന്നല്ല കഞ്ചാവ് പിടികൂടിയത്. റെയ്ഡ് നടക്കുന്ന സമയം ഹോളി ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് ക്യാമ്പസിലായിരുന്നുവെന്നും അഭിരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാതി നടന്ന പൊലീസിന്റെ മിന്നൽ പരിശോധനയിലാണ് കളമശേരി സർക്കാർ പോളിടെക്നിക്ക് മെൻസ് ഹോട്ടലിനുള്ളിൽ നിന്നും രണ്ട് കിലോയിലധികം കഞ്ചാവ് കണ്ടെത്തിയത്. കോളേജിലെ ഹോളി ആഘോഷങ്ങളുടെ മറവിൽ വില്പനയ്‌ക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവരിൽ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.















