2025 ഐപിഎൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായായി പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അക്സർപട്ടേലിനാണ് ടീമിന്റെ പുതിയ നായക ചുമതല. വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിന്റെ പേര് നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും തരാം ഈ ഓഫർ നിരസിച്ചതിനെത്തുടർന്നാണ് അക്സറിന് നറുക്കുവീണത്. ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന ഋഷഭ് പന്ത് ടീം വിട്ടതോടെയാണ് ഡൽഹിക്ക് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് അക്‌സറിനെത്തേടി നായകസ്ഥാനമെത്തുന്നത്. കഴിഞ്ഞ സീസണിൽ, ഇന്ത്യൻ ടീമിനൊപ്പം രണ്ട് ഐസിസി കിരീടങ്ങൾ നേടിയിട്ടുള്ള അക്സർ, ഏകദേശം 30 ശരാശരിയിൽ 235 റൺസ് നേടുകയും 7.65 എക്കണോമിയിൽ 11 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.
“ഡൽഹി ക്യാപിറ്റൽസിനെ നയിക്കാൻ കഴിയുന്നത് എനിക്ക് ലഭിച്ച ബഹുമതിയാണ്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് ഉടമകളോടും സപ്പോർട്ട് സ്റ്റാഫിനോടും ഞാൻ നന്ദി അറിയിക്കുന്നു,” ക്യാപ്റ്റനായി നിയമിതനായ ശേഷം അക്ഷർ പട്ടേൽ പറഞ്ഞു. ടീമിനൊപ്പമുള്ള തന്റെ അനുഭവങ്ങൾ ഒരു ക്രിക്കറ്റ് കളിക്കാരനിന്ന നിലയിൽ വളരെയേറെ മാറ്റങ്ങളുണ്ടാക്കിയെന്നും ഇത് ടീമിനെ മുന്നോട്ട് നയിക്കാനുള്ള ആത്മവിശ്വാസം നൽകുമെന്നും അക്‌സർ കൂട്ടിച്ചേർത്തു.
2019 മുതൽ അക്സർ ഡൽഹി ക്യാപിറ്റൽസിലുണ്ട്. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി18 കോടി രൂപയ്‌ക്ക് താരത്തെ ടീമിൽ നിലനിർത്തി. ഐപിഎല്ലിൽ 150 മത്സരങ്ങൾ കളിച്ച അക്‌സർ 130.88 സ്ട്രൈക്ക് റേറ്റിൽ 1653 റൺസ് നേടിയിട്ടുണ്ട്. ഇടംകൈയ്യൻ സ്പിന്നറായ താരം 7.28 എന്ന ഇക്കണോമി റേറ്റിൽ 123 വിക്കറ്റുകളും വീഴ്‌ത്തിയിട്ടുണ്ട്.