തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച വേദിയിൽ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിക്കൊണ്ട് എംപി ശശി തരൂരിനെ അപഹസിച്ച് സംസാരിച്ച സിപിഐഎം നേതാവ് ജി സുധാകരന്റെ വാക്കുകളെ രണ്ടു ദിവസത്തിന് ശേഷം തള്ളിപ്പറഞ്ഞ് രമേശ് ചെന്നിത്തല.
തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിച്ചപ്പോഴായിരുന്നു ജി സുധാകരന്‍ ശശി തരൂരിനെ അവഹേളിച്ചത്. ആ വേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. ആ സമയം ഇരു നേതാക്കളും മൗനം ഭജിക്കുകയാണ് ഉണ്ടായത്.
എന്നാൽ ഇന്ന് രമേശ് ചെന്നിത്തല ജി സുധാകരന്റെ പരാമർശങ്ങളെ തള്ളിപ്പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ചെന്നിത്തല തരൂരിനെ ന്യായീകരിച്ചത്.
തരൂരിനെതിരായ സുധാകരന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും തരൂർ വിശ്വപൗരൻ തന്നെയെന്നും ചെന്നിത്തല പറഞ്ഞു. സുധാകരൻ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പരിപാടിയിൽ പങ്കെടുത്തതിൽ ജി സുധാകരനെതിരായ സൈബർ ഗുണ്ടകളുടെ ആക്രമണം അപലപനീയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏതെങ്കിലും രാജ്യത്ത് അംബാസിഡര്‍ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരനെന്നും, എന്നാൽ ഗാന്ധിജിയാണ് യഥാര്‍ത്ഥ വിശ്വ പൗരനെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. ഐക്യരാഷ്‌ട്രസഭയില്‍ ജീവനക്കാരനായിരുന്ന ആളല്ല വിശ്വപൗരനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഉദ്യോഗസ്ഥനല്ല വിശ്വ പൗരൻ, അയാൾ ശമ്പളത്തിനും പദവിക്കുവേണ്ടി ജോലിയെടുക്കുന്ന ആൾ മാത്രമാണ്. നെഹ്റുവും ടാഗോറും ഡോക്ടർ രാധാകൃഷ്ണനും ഒക്കെ വിശ്വപൗരന്മാരായിരുന്നു. മഹാത്മാഗാന്ധി വിശ്വപൗരന്മാരിൽ വിശ്വ പൗരൻ ആയിരുന്നു”. ജി സുധാകരൻ പറഞ്ഞു. രാഷ്‌ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാന്‍ കഴിയില്ല എന്നതാണ് അവസ്ഥയെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘാഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധാകരന്‍.