മുംബൈ: നാറ്റ് സ്കിവർ ബ്രണ്ടിന്റെയും മാത്യു ഹെയ്‌ലിയുടെയും വമ്പനടികളുടെ ബലത്തിൽ ഡബ്ള്യുപിഎൽ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ പടുത്തുയർത്തിയ മുംബൈ ഗുജറാത്ത് ജയന്റ്സിന്റെ തോൽപ്പിച്ച് ഫൈനലിൽ. കഴിഞ്ഞ ദിവസം ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന WPL എലിമിനേറ്ററിൽ മുംബൈ 47 റൺസിന് ഗുജറാത്തിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് അടിച്ചെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.2 ഓവറില്‍ 166 റണ്‍സ് എടുത്ത് ഓൾ ഔട്ട് ആയി. ശനിയാഴ്ച നടക്കുന്ന കലാശപ്പോരിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
ഹെയ്‌ലി മാത്യൂസ്, നാറ്റ് സ്കിവർ ബ്രണ്ട് എന്നിവരുടെ അർദ്ധ സെഞ്ച്വറിയും സെഞ്ച്വറി കൂട്ടുകെട്ടുമാണ് മുംബൈക്ക് തുണയായത്. ഇരുവരും ചേർന്ന് മുംബൈക്കായി 133 റൺസ് കൂട്ടിച്ചേർത്തു. ഹെയ്‌ലി മാത്യൂസ് 50 പന്തില്‍ 77 റണ്‍സും നാറ്റ് സ്‌കിവര്‍ ബ്രണ്ട് 41 പന്തില്‍ 77 റണ്‍സും നേടി. ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗർ 12 പന്തില്‍ നിന്ന് 36 റണ്‍സ് നേടി സ്കോറിങ്ങിന് വേഗം കൂട്ടി.
അതേസമയം 34 റണ്‍സ് നേടിയ ഡാനിയേല്‍ ഗിബ്‌സണ്‍ ആണ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറർ. ഗുജറാത്ത് താരങ്ങൾ നിലയുറപ്പിച്ചു കളിയ്‌ക്കാൻ ശ്രമിച്ചെങ്കിലും 3 റൺഔട്ടുകൾ അവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അവസാന ഓവറുകളിൽ സിമ്രാന്‍ ഷെയ്ഖും (18) തനൂജ കന്‍വാറും (16) പൊരുതിയെങ്കിലും ഫലം കണ്ടില്ല. ഇത് രണ്ടാം തവണയാണ് മുംബൈ ഇന്ത്യൻസ് WPL ഫൈനലിലെത്തുന്നത്.















