കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇന്റർനെറ്റ് നിരോധിച്ച് സംസ്ഥാന സർക്കാർ. മാർച്ച് 14 മുതൽ ആരംഭിച്ച നിരോധനം മാർച്ച് 17 (തിങ്കളാഴ്ച) രാവിലെ എട്ട് മണി വരെയാണ് തുടരുക. ബിർഭും ജില്ലയിലെ സൈന്തിയ പട്ടണത്തിലെ അഞ്ച് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. സൈന്തിയ, ഹതോറ ഗ്രാമപഞ്ചായത്ത്, മത്പൽസ, ഹരിസര, ദരിയാപൂർ, ഫുലൂർ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ബാധകമാണ്.
കിംവദന്തികളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായാണ് ഇന്റർനെറ്റ്, വോയ്‌സ്-ഓവർ-ഇന്റർനെറ്റ് ടെലിഫോണിക് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചതെന്ന് സർക്കാർ പറയുന്നു. ബംഗാൾ സർക്കാരിന്റെ ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്, ബിർഭും റവന്യൂ ജില്ലയിലെ സൈന്തിയ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബ്ലോക്കിലെ സൈന്തിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള സൈന്തിയ മുനിസിപ്പാലിറ്റിയിലെ സൈന്തിയ ടൗൺ ഏരിയ, ഹട്ടോറ ജിപി, മത്പൽസ ജിപി, ഹരിസാര ജിഒ, ഫരിയാപൂർ ജിപി, ഫുലൂർ ജിപി എന്നിവിടങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് ഇന്റർനെറ്റ് ട്രാൻസ്മിഷനുകളും വോയ്‌സ് ഓവർ ഇന്റർനെറ്റ് ടെലിഫോണിക് സംവിധാനവും ഉപയോഗിച്ചേക്കാം, അതിനാൽ സേവനം താൽക്കാലികമായി നിർത്തിവയ്‌ക്കുന്നു. – എന്നാണ് ഉത്തരവിൽ പറയുന്നത്.
വോയ്‌സ് കോളുകൾക്കോ SMSനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. അതുപോലെ, പത്ര വിതരണത്തിനും നിയന്ത്രണമില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ബിർഭുമിൽ കല്ലേറ് നടന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് സംഘർഷബാധിത പ്രദേശങ്ങളിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.