കോട്ടയം: ലവ് ജിഹാദിനെതിരെ പിസി ജോർജ് നടത്തിയ പരാമർശത്തിൽ കേസെടുക്കാൻ കഴിയില്ല. പിസിയുടെ വാക്കുകളിൽ കേസെടുക്കാൻ മാത്രം ഒന്നുമില്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്.
മീനച്ചിൽ താലൂക്കിൽ മാത്രം 400ഓളം പെൺകുട്ടികളെ ലവ് ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നായിരുന്നു പിസി ജോർജിന്റെ പരാമർശം. 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയത്. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും 25 വയസിനകം ക്രിസ്ത്യൻ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിടാൻ ശ്രമിക്കണമെന്നും പിസി ജോർജ് അഭിപ്രായപ്പെട്ടു. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇത് പിസിക്കെതിരെ ആയുധമാക്കാൻ ഇതര പാർട്ടികൾ ശ്രമിക്കുകയായിരുന്നു. പിസി ജോർജിന്റെ പ്രസ്താവന നിരവധി പേർ വിവാദമാക്കുകയും ചെയ്തു. വർഗീയ പരാമർശമാണ് പിസി നടത്തിയതെന്നായിരുന്നു ആക്ഷേപം. സംഭവത്തിൽ ജോർജിനെതിരെ കേസെടുക്കാനുള്ള വകുപ്പിനെക്കുറിച്ചും ചർച്ചകൾ ഉടലെടുത്തു.
യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പൊലീസിൽ പരാതി നൽകി. എന്നാൽ ലവ് ജിഹാദ് പരാമർശത്തിലോ തുടർന്ന് നടത്തിയ പ്രസംഗത്തിലോ ജോർജിനെതിരെ കേസെടുക്കാൻ മാത്രം ഗൗരവമുള്ള ഒന്നുമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.