ന്യൂയോർക്ക്: ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാക്സിതാന്റെ അവകാശവാദങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്. അയൽരാജ്യത്തിന്റെ മതഭ്രാന്ത് നിറഞ്ഞ മനോഭാവവും, വർഗീയതയുടെ റെക്കോർഡും ചൂണ്ടിക്കാട്ടിയ അദ്ദേഹം കശ്മീർ എല്ലായ്പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ചു. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്‌ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള യുഎൻ യോഗത്തിലായിരുന്നു ഇന്ത്യയുടെ പ്രസ്താവന.
“പതിവ് പോലെ പാകിസ്താൻ മുൻ വിദേശകാര്യ സെക്രട്ടറി ഇന്ന് ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെക്കുറിച്ച് ന്യായീകരിക്കാനാവാത്ത പരാമർശം നടത്തി. പതിവ് പരാമർശങ്ങൾ അവരുടെ അവകാശവാദത്തെ സാധൂകരിക്കുകയോ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ന്യായീകരിക്കുകയോ ചെയ്യില്ല”, ഇന്ത്യൻ പ്രതിനിധി പറഞ്ഞു.
“ഈ രാജ്യത്തിന്റെ മതഭ്രാന്ത് നിറഞ്ഞ മാനസികാവസ്ഥ എല്ലാവർക്കും അറിയാം, അവരുടെ വർഗീയതയുടെ റെക്കോർഡും എല്ലാവർക്കും അറിയാം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി എന്നും നിലനിൽക്കുമെന്ന യാഥാർത്ഥ്യത്തെ അത്തരം ശ്രമങ്ങൾക്ക് മാറ്റാനാവില്ല ഹരീഷ് മറുപടി നൽകി.
21 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബലൂചിസ്ഥാൻ ട്രെയിൻ ആക്രമണവുമായി ഇന്ത്യയെ ബന്ധിപ്പിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങൾക്ക് മറുപടി നൽകിയതിനുപിന്നാലെയാണിത്. ഭീകരതയെ സ്പോൺസർ ചെയ്യുന്നു” എന്ന പാകിസ്താന്റെ ആരോപണത്തെ ശക്തമായി തള്ളിക്കളഞ്ഞ ഇന്ത്യ “ആഗോള ഭീകരതയുടെ യഥാർത്ഥ പ്രഭവകേന്ദ്രം” എവിടെയാണെന്ന് ലോകത്തിന് നന്നായി അറിയാമെന്ന് തിരിച്ചടിച്ചു.