കണ്ണൂർ: കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിയിച്ചാണ് അപകടം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലടക്കം പാടിയിട്ടുള്ള ഗായകനാണ് ഫൈജാസ്.
കഴിഞ്ഞദിവസം അർധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ഫൈജാസ് സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരിട്ടി-മട്ടന്നൂർ റോഡിലെ കീഴൂർകുന്നിന് സമീപത്തെ പുന്നാട് ഇറക്കത്തിൽ വച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഫൈജാസിന്റെ കാർ പൂർണമായി തകർന്നു.
കാറിനുള്ളിൽ കുടുങ്ങിയ ഫൈജാസിനെ ഫയർഫോഴ്‌സെത്തി ഡോർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം കൂട്ടിയിടിച്ച കാറിലെ യാത്രക്കാർക്ക് സാരമായ പരിക്കുകളില്ല.















