കോലിപ്പടയുടെ കപ്പിനായുള്ള കാത്തിരിപ്പ് 18-ാം സീസണിലേക്ക് കടക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഈ സീസണിൽ ഫ്രാഞ്ചൈസിയും ആരാധകരും കൂടുതൽ പ്രതീക്ഷ വെക്കുന്നുണ്ട്. അവരുടെ കിംഗ് കോലിയുടെ ജേഴ്‌സി നമ്പർ ’18 ‘ ആയതിനാൽ 18-ാം സീസൺ ആർസിബിക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് ആരാധകർ. പുതിയ ക്യാപ്റ്റനുൾപ്പടെ ഇത്തവണ കപ്പ് മുന്നിൽകണ്ടുള്ള മാറ്റങ്ങളും ടീമിലുണ്ട്.
രജത് പട്ടീദറിനെ ക്യാപ്റ്റനായി നിയമിച്ചത് ഒരു പ്രധാന മാറ്റമാണ്. കാരണം മുൻ കാലങ്ങളിൽ ആർസിബി മുൻനിര വിദേശ താരങ്ങളെയാണ് നായക ചുമതലകൾ ഏൽപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിലും ടീം മാനേജ്മെന്റിന്റെ മനോഭാവത്തിൽ വന്ന മാറ്റം പ്രകടമാണ്. കളിക്കാരിലല്ല പകരം അവരുടെ റോളുകൾക്കാണ് ആർസിബി ഇത്തവണ പ്രാധാന്യം നൽകിയത്.
കെഎൽ രാഹുൽ, യുസ്‌വേന്ദ്ര ചഹൽ, ഋഷഭ് പന്ത് തുടങ്ങിയ വലിയ പേരുകളുടെ പിന്നാലെ പോയി പേഴ്‌സ് കാലിയാക്കാതിരിക്കാൻ അവർ കാണിച്ച വിവേകം അതിന് തെളിവാണ്. ജോഷ് ഹേസൽവുഡ്, ഭുവനേശ്വർ കുമാർ, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെഥേൽ, ക്രുണാൽ പാണ്ഡ്യ, ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ എന്നിവരടങ്ങിയ ബാലൻസ്ഡ് സ്‌ക്വാഡാണ് ഇത്തവണ ആർസിബിക്കുള്ളത്
കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ ഫിനിഷ് ചെയ്ത ആത്മവിശ്വാസവുമായാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇത്തവണത്തെ ഐപിഎല്ലിന് തയാറെടുക്കുന്നത്. ആദ്യ എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റതിന് ശേഷം, തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ച് ആർസിബി ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. നെറ്റ് റൺ റേറ്റിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി പ്ലേഓഫ് സ്ഥാനം ഉറപ്പിച്ചു. എന്നാൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസ് അവരുടെ കുതിപ്പിന് തടയിട്ടതോടെ ആർസിബി വീണ്ടും കിരീട സ്വപ്നം ബാക്കിയാക്കി മടങ്ങുകയായിരുന്നു.















