മുംബൈ: ഛത്രപതി സംഭാജി നഗറിൽ ഖുൽദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം നൽകും. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണ് ബജ്റംഗ്ദൾ. സർക്കാർ ഇടപെട്ടില്ലെങ്കിൽ തങ്ങൾ നേരിട്ട് പൊളിച്ചുനീക്കുമെന്ന നിലപാടിലാണ് സംഘടന.
സർക്കാർ ഇടപെട്ടുകൊണ്ട് ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണം. അതിന് സർക്കാർ തയാറാകുന്നില്ലെങ്കിൽ അയോദ്ധ്യയിൽ നടന്നത് പോലെയൊരു കർസേവ ശവകുടീരം ഇരിക്കുന്ന സ്ഥലത്ത് നടത്തുമെന്നും അത് പൊളിച്ചുനീക്കുമെന്നും ബജ്റംഗ്ദൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയുടെ പല എംഎൽഎമാരും ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുന്നത്. പുരാവസ്തു ഗവേഷണ സംഘത്തിന്റെ അധീനതയിലാണ് ഔറംഗസേബിന്റെ ശവകൂടീരമുള്ളത്. പതിറ്റാണ്ടുകൾ മുമ്പ് തന്നെ ശവകുടീരം മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു.
ലക്ഷക്കണക്കിന് ഹൈന്ദവരെ കൊലപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. കാശിവിശ്വനാഥ ക്ഷേത്രവും മധുരയിലെ ശ്രീകൃഷ്ണക്ഷേത്രവും തകർത്ത ക്രൂരനായ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാണ്. ഏറ്റവും മോശപ്പെട്ട ഭരണാധികാരിയുടെ ശവകുടീരം സംരക്ഷിക്കേണ്ടതില്ലെന്ന് ദേശീയ പ്രസ്ഥാനങ്ങളും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.