വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ഇന്ത്യയുടെ ചാമ്പ്യൻ ബാറ്റർ വിരാട് കോഹ്‌ലി. തന്റെ ഉള്ളിലെ “മത്സരപരത” ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും കളി ആസ്വദിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ദുബായിൽ നടന്ന ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിനുശേഷം കോലിയും ക്യാപ്റ്റൻ രോഹിത് ശർമ്മയും തങ്ങളെ ചുറ്റിപ്പറ്റിയുള്ള വിരമിക്കൽ ചർച്ചകൾ തള്ളിക്കളഞ്ഞിരുന്നു.
“അതോർത്ത് പരിഭ്രാന്തരാകേണ്ട, ഞാൻ ഒരു പ്രഖ്യാപനവും നടത്തുന്നില്ല. ഇപ്പോൾ എല്ലാം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. എനിക്ക് ഇപ്പോഴും കളിക്കാൻ ഇഷ്ടമാണ്,” ആർസിബി ഇന്നൊവേഷൻ ലാബിൽ നടന്ന ഒരു ടോക്ക് സെഷനിൽ കോലി പറഞ്ഞു.
ഇനി താൻ നാഴികക്കല്ലുകൾ കൈവരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ശുദ്ധമായ സന്തോഷം, ആസ്വാദനം, മത്സരക്ഷമത, കളിയോടുള്ള സ്നേഹം എന്നിവയുള്ളിടത്തോളം കാലം കളിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രായം കൂടുന്നത് കളിയിൽ ആധിപത്യം പുലർത്തുന്നതിനുള്ള ശേഷിയെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്ന് താരം തുറന്നുസമ്മതിച്ചു.
“വളരെക്കാലമായി ഈ ഗെയിം കളിച്ചിട്ടുള്ള ആളുകൾക്ക് മനസ്സിലാകുന്നതുപോലെ, ഇപ്പോൾ ഇതിന് വളരെയധികം പരിശ്രമം ആവശ്യമാണ്. 20-കളുടെ മധ്യത്തിൽ ചെയ്യാൻ കഴിയുന്നത്ര കാര്യങ്ങൾ 30-കളുടെ മധ്യത്തിൽ ചെയ്യാൻ കഴിയില്ല. എന്റെ ജീവിതത്തിലും ഞാൻ അൽപ്പം വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്,” കോലി പറഞ്ഞു.