നയൻതാരയുടെ സ്വത്തുക്കളെ കുറിച്ചും ആഢംബരം നിറഞ്ഞ വീടുകളെ കുറിച്ചും വാർത്തകൾ പുറത്തുവരാറുണ്ട്. നടിമാരിൽ കണക്കില്ലാത്ത സ്വത്തുക്കളുടെ അവകാശി എന്ന് നിസംശയം പറയാനാകുന്ന പേരാണ് നയൻതാരയുടേത്. സിനിമാ മേഖലയ്‌ക്ക് പുറമേ നിരവധി ബിസിനസിലും പങ്കാളിയാണ് താരം. ഭർത്താവും സംവിധായകനുമായ വിഷ്നേഷ് ശിവനോടൊപ്പം ചേർന്ന് പുതിയ ബിസിനസുകളും നയൻതാര ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും ആഢംബര ബംഗ്ലാവിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്.
ചെന്നൈയിൽ 7,000 സ്ക്വയർഫീറ്റിൽ പഴമ നിലനിർത്തികൊണ്ട് നിർമിച്ച ബംഗ്ലാവിന്റെ വീഡിയോ നയൻതാര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ബംഗ്ലാവല്ല, ഇരുവരുടെയും പുതിയ സ്റ്റുഡിയോയാണിത്. അത്യാഢംബരം നിറഞ്ഞ പഴയ ബ്രിട്ടീഷ് കൊളോണിയൽ സ്റ്റൈലിലാണ് സ്റ്റുഡിയോ നിർമിച്ചിരിക്കുന്നത്. അലങ്കാരത്തിനായി കണ്ണഞ്ചിപ്പിക്കുന്ന അതിമനോഹര അലങ്കാര വസ്തുക്കളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
ചെന്നൈയിലെ ഒരു പ്രധാന റെസിഡൻഷ്യൽ ഏരിയയായ വീനസ് കോളനിയിലാണ് സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്. കളിമണ്ണ് കൊണ്ട് നിർമിച്ച വസ്തുക്കളും അലങ്കാരത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പരമ്പരാഗത കലാസൃഷ്ടികൾ, മരത്തടികൾ ഉപയോഗിച്ചുള്ള മനോഹരമായ ശിൽപങ്ങൾ എന്നിവ കെട്ടിടത്തിന് മാേടി കൂട്ടുന്നു. ഒരു ഭാഗത്തായി മനോഹരമായ മുളക്കാടുകളും ഒരുക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അത്യാഡംബര ബംഗ്ലാവ് എന്നല്ലാതെ മറ്റൊന്നും തോന്നിക്കില്ല.
കാറ്റും സൂര്യപ്രകാശവും വേണ്ടുവോളം ലഭിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. സൂര്യാദേയവും അസ്തമയവും കെട്ടിടത്തിന് ഉള്ളിലേക്ക് തെളിയുന്ന രീതിയിൽ ഗ്ലാസുകൾ കൊണ്ട് ഭിത്തി നിർമിച്ചിട്ടുണ്ട്. പ്രകൃതിയുമായി അടുത്തുനിൽക്കുന്ന കെട്ടിടം എന്നാണ് പലരും നയൻതാരയുടെ സ്റ്റുഡിയോയെ വിശേഷിപ്പിക്കുന്നത്. കോൺഫറൻസ് റൂം, അതിഥികളെ സ്വീകരിക്കാനും പാർട്ടി നടത്താനുമുള്ള ലോഞ്ച് സ്‌പെയ്‌സ്, ചുറ്റിനടക്കാൻ ലാൻഡ്സ്കേപ് ചെയ്ത ഔട്ട്ഡോർ ഏരിയ, തീൻമേശാ സംവിധാനം എന്നിവയും നയൻതാരയുടെ സ്റ്റുഡിയോയുടെ സവിശേഷതയാണ്.















