കൊല്ലം: വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചെന്ന് പൊലീസ്.
കൊല്ലം ഉളിയക്കോവിലിൽ ഇന്ന് വൈകിട്ട് ഏഴിനാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് (20) ആണ് മരിച്ചത്. ഫെബിന്റെ പിതാവിനും കുത്തേറ്റു. പർദ ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന.
കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൊല്ലം ഫാത്തിമ കോളേജിലെ BCA രണ്ടാം വർഷ വിദ്യാർഥിയാണ് ഫെബിൻ. മൂന്നു കുത്തേറ്റ ഫെബിൻ തത്ക്ഷണം മരിച്ചു. മാതാവിന്റെ മുന്നിൽ വച്ചാണ് ആക്രമണം. ഫെബിന്റെ സഹോദരിയെ തേടിയാണ് പ്രതി മണ്ണെണ്ണയുമായി എത്തിയതെന്നാണ് സൂചന. പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും. ഇവർക്ക് മറ്റൊരു വിവാഹം ആലോചിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊടും ക്രൂരതയിലേക്ക് നയിച്ചതെന്നാണ് സൂചന.
പിന്നീട് കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്‌ക്ക് സമീപം ഒരു കാറും നിർത്തിയിട്ടിട്ടുണ്ട്. കാറിനകത്തും ചോരപ്പാടുകളുണ്ട്.
മരിച്ചത് നീണ്ടകര സ്വദേശി തേജസ് രാജ് (24). ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തിയത് തേജസ് രാജ് എന്ന് പൊലീസ് വ്യക്തമാക്കി.കൊലപാതത്തിനുശേഷം ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം.