കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4 മാസം പ്രായമായ കുഞ്ഞിന്റ മൃതദേഹം കിണറ്റിൽ കണ്ടത്തി. തമിഴ്‌നാട് സ്വദേശികളായ അക്കമ്മൽ-മുത്ത് ദമ്പതികളുടെ മകൾ യാസികയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെയാണ് കാണാതായതെന്ന് മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്. കുട്ടിയെ കാണാതായെന്ന് അറിയിച്ചതിനെത്തുടർന്ന് സമീപത്തെ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ നടത്തിയ തെരച്ചിലിലാണ് ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ദമ്പതികൾ കൂലിപ്പണിക്കാരാണ്. വളപട്ടണം പൊലീസ് ഇരുവരുടെയും മൊഴിയെടുത്ത് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി.
കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ പ്രതികരണത്തിൽ കൃത്യതയില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തും.