ന്യൂഡൽഹി: മഹാകുംഭമേളയുടെ മികച്ച സംഘാടനം, ആഗോളതലത്തിൽ ഭാരതത്തിന്റെ യശ്ശസ് ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നൽകുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതു പോലുള്ള ബൃഹത്തായ പരിപാടികൾ, ലോക്‌സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
” പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഏകദേശം 66 കോടി ഭക്തരാണ് പങ്കെടുത്തത്, ഫ്രാൻസിന്റെ ജനസംഖ്യയുടെ ഏകദേശം 10 മടങ്ങാണിത്. ഭാരതത്തിന്റെ മാത്രം സവിശേഷതയായ നാനാത്വത്തിൽ ഏകത്വം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു മഹാകുംഭമേള. എല്ലാ വ്യത്യാസങ്ങളും മറന്ന് മനുഷ്യർ മനുഷ്യരായി നിലകൊണ്ട ഇടമായിരുന്നു അത്. മഹാകുംഭമേള ദേശീയ തലത്തിൽ പുതിയ ഉണർവുണ്ടാക്കി. നമ്മുടെ ശക്തിയെ സംശയിക്കുന്നവർക്ക് ഉചിതമായ മറുപടി കൂടിയാണിത്,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
ഇന്ത്യയുടെ പുതുതലമുറ, പാരമ്പര്യങ്ങളെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിക്കുന്നതിലുള്ള സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു. പ്രയാഗ്‌രാജ് മഹാ കുംഭമേളയിലെ യുവജന പങ്കാളിത്തം ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും, അദ്ദേഹം പറഞ്ഞു.
മഹാകുംഭമേളയുടെ മഹാവിജയത്തിനായി യത്നിച്ച എല്ലാവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. കൂടാതെ യുപിക്കും പ്രയാപ്രയാഗ്രാജിനും പ്രത്യേക നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാകുംഭമേളിൽ പുണ്യസ്നാനം ചെയ്ത മുഴുവൻ ആളുകളെയും സഭയുടെ പേരിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു.















