പാകിസ്താന് വേണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കുമോയെന്ന ചോദ്യത്തിന് കൗതുകകരമായ മറുപടിയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ മൊയീൻ അലിയും ആദിൽ റഷീദും. ഒരു പോഡ്കാസ്റ്റിനിടെ നടന്ന സംഭാഷണത്തിലാണ് ചോദ്യം കടന്നുവന്നത്. മുൻപും ഇത്തരം ചോദ്യങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് സമ്മതിച്ച ഇരുവരും വ്യത്യസ്തമായ മറുപടിയാണ് നൽകിയത്.
മറ്റൊരു രാജ്യത്തിനുവേണ്ടി കളിക്കുന്നതിനേക്കാൾ താൻ ജനിച്ച രാജ്യത്തെ പ്രതിനിധീകരിക്കുമെന്നായിരുന്നു ആദിൽ റഷീദിന്റെ മറുപടി. “ഞാൻ ഇവിടെ ജനിച്ചാലും പാകിസ്താനിൽ ജനിച്ചിരുന്നെങ്കിലും ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിലും എവിടെ ജനിച്ചിരുന്നെങ്കിലും തീർച്ചയായും ഞാൻ കളിക്കാൻ ശ്രമിക്കുന്നത് ആ രാജ്യത്തിനുവേണ്ടിയായിരിക്കും,” ബിയേർഡ് ബിഫോർ വിക്കറ്റ് പോഡ്‌കാസ്റ്റിനിടെ ആദിൽ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ പാകിസ്താന് വേണ്ടി കളിക്കാനുള്ള സാധ്യത ഒരിക്കലും തന്റെ മനസ്സിൽ വന്നിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ആദിൽ റാഷിദ് അത്തരം ചോദ്യങ്ങൾക്ക് ഇടം നൽകിയില്ല. “ഞാൻ പാകിസ്താനിൽ പോയി അവർക്കുവേണ്ടി കളിക്കാൻ പോകുകയാണെന്ന് പറയാൻ ഒരിക്കലും എന്റെ മനസ്സിൽ തോന്നിയിട്ടില്ല. ഞാൻ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?” അദ്ദേഹം ചോദിച്ചു. അതേസമയം തീർത്തും വ്യത്യസ്തമായ മറുപടിയാണ് മൊയീൻ അലി നൽകിയത്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പിനേക്കാൾ പ്രധാനം അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കുന്നതാണെന്നായിരുന്നു താരത്തിന്റെ മറുപടി.















