ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ യുവതിക്കെതിരെ മോട്ടോർ വാഹനവകുപ്പിന്റെ നടപടി. കാെച്ചിയിലെ താമസക്കാരിയായ മൈസൂർ സ്വദേശിനിയുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും 5,000 രൂപ പിഴ ചുമത്തുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആംബുലൻസിന് മുന്നിൽ തടസം സൃഷ്ടിച്ച് യുവതി യാത്ര ചെയ്തത്. ആംബുലൻസിന്റെ ഹോണും സയറനും കേട്ടിട്ടും യുവതി വഴി നൽകാൻ തായാറായില്ല. ആംബുലൻസിന് സൈഡ് നൽകാതെ ബൈക്ക് ഓടിക്കുകയായിരുന്നു. മഹാരാഷ്‌ട്ര രജിസ്ട്രേഷൻ വാഹനമായിരുന്നു ഇവർ ഓടിച്ചിരുന്നത്.
കലൂർ മെട്രോ സ്റ്റേഷൻ മുതൽ സിഗ്നൽ വരെ ആംബുലൻസിന് തടസമായി വാഹനം ഓടിച്ചു. വീഡിയോ സഹിതം ആംബുലൻസ് ഡ്രൈവർ പരാതി നൽകിയതിന് പിന്നാലെയാണ് എം.വി.ഡി നടപടിയെടുത്തത്. അബദ്ധം പറ്റി എന്നാണ് യുവതി മോട്ടോർ വാഹനവകുപ്പിന് നൽകിയ വിശദീകരണം.